India National

മൊബൈല് ടവര്‍ സ്ഥാപിച്ചാല് പണം നല്കുമെന്ന് പറഞ്ഞ് തട്ടിപ്പ്; ജാഗ്രത വേണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്

മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് ജാഗ്രത വേണമെന്ന നിര്‍ദേശവുമായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ ചില കമ്പനികളും ഏജന്‍സികളും ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാസവാടകയായി വലിയ തുകകളും മറ്റും വാഗ്ദാനം ചെയ്താണ് പണത്തട്ടിപ്പ്.

മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം പാട്ടത്തിനെടുക്കുന്നതിലും വാടകയ്ക്ക് എടുക്കുന്നതിലും ട്രായ് (TRAI) നേരിട്ടോ അല്ലാതെയോ ബന്ധപ്പെടില്ലെന്ന് വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് DoT / TRAI എന്നിവയോ അവയുടെ ഓഫീസര്‍മാരോ ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ നല്‍കുന്നില്ല. മൊബൈല്‍ ടവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അധികാരപ്പെടുത്തിയ ടെലികോം സേവന ദാതാക്കളുടെയും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍മാരുടെയും പുതുക്കിയ ലിസ്റ്റ് DoT വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇത് https://dot.gov.in, https://dot.gov.in /infrastructure-provider എന്ന ലിങ്കുകളില്‍ പരിശോധിക്കാാം.

മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ഏതെങ്കിലും കമ്പനിയോ ഏജന്‍സിയോ വ്യക്തിയോ പണം ആവശ്യപ്പെട്ടാല്‍, കൂടുതല്‍ ജാഗ്രത പുലര്‍ത്താനും കമ്പനിയുടെ യോഗ്യതാപത്രങ്ങള്‍ പരിശോധിക്കാനും പൊതുജനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കാം. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് തങ്ങളുടെ അംഗങ്ങള്‍ പണമൊന്നും ആവശ്യപ്പെടുന്നില്ലെന്ന് ടെലികോം സേവന ദാതാക്കളുടെയും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍മാരുടെയും അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടു.

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ലോക്കല്‍ പൊലീസിനെ വിവരമറിയിക്കണം. കൂടാതെ DoT-യുടെ പ്രാദേശിക ഫീല്‍ഡ് യൂണിറ്റുകളെയും ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ DoT വെബ്‌സൈറ്റില്‍ https://dot.gov.in/relatedlinks/director-general-telecom എന്ന ലിങ്കില്‍ ലഭ്യമാണ്.