കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ആകെ 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആകെ 2368 പേരെയാണ് വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. 27 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 126 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
എറണാകുളം ജില്ലയിലെ 18 ക്യാമ്പുകളിലുള്ളത് 199 കുടുംബങ്ങളാണ്. കോട്ടയം ജില്ലയില്‍ 28 ക്യാമ്പുകളും പത്തനംതിട്ട ജില്ലയില്‍ 25 ക്യാമ്പുകളും തുറന്നു. തൃശൂര്‍ ജില്ലയിലെ 32 ക്യാമ്പുകളിലായി 1268 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. മഴയുടെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, 95 ദുരിതാശ്വാസ ക്യാംപുകളിലായി 2,291 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
മധ്യ വടക്കന്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ ലഭിക്കുക. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ബാക്കിയുള്ള നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. നാളെയും 9 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്കി. കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് കര്‍ശന വിലക്കുണ്ട്.