സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്നും റിപ്പോർട്ടുണ്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സിനി മിനോഷാണ് ട്വന്റിഫോറിനോട് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ കഴിഞ്ഞ കുറെ മണിക്കൂറുകളായി മഴ തകർത്ത് പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്. നിലവിൽ മണിമല, അച്ചൻകോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം നിർണായകമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
ഐഎംഡി നൽകുന്ന വിവരം പ്രകാരം അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി കനത്ത മഴ തുടരുമെന്നും അതുകൊണ്ട് തന്നെ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് സിനി മിനോഷ് പറഞ്ഞത്.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ഇന്നും നാളെയും തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണം. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണം. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.