Kerala

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; ‘വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചു’; എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണം

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ചോദ്യം ചെയ്തതോടെയുണ്ടായ വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചത് മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന്റെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം. അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്ത് ക്രമക്കേട് ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്ത മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടാണ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ചുവര്‍ഷം മുമ്പ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേടുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചയാളാണ് സുജേഷ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയിട്ടും ഒന്നും നടക്കാത്തിനെ തുടര്‍ന്ന് സുജേഷ് ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. ക്രമക്കേടില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗമായ സികെ ചന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും സുജേഷ് പറഞ്ഞു.

ബാങ്ക് പ്രസിഡന്റും കേസിലെ പ്രതിയുമായ കെ. കെ ദിവാകരന്‍ ഉള്‍പ്പെടുന്ന ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു ആരോപണമുന്നയിച്ച സുജേഷ്. വിഷയത്തില്‍ തെളിവ് സഹിതം പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സുജേഷ് പറയുന്നു.

‘മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്ന് പൊലീസുദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതാണ്. എ.സി മൊയ്തീനും കേസിലെ പ്രതിയായ ജില്‍സും ബിജു കരീമും തമ്മില്‍ ബന്ധമുണ്ട്. ക്രമക്കേടില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന സി.കെ ചന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ല. പ്രതികളെ അദ്ദേഹം വിശ്വാസത്തിലെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ ഏകാധിപതിയെ പോലെ പെരുമാറിയതും പിഴവായി. അഞ്ചുവര്‍ഷം താന്‍ ഈ വിഷയം ഉയര്‍ത്തി പാര്‍ട്ടിക്ക് അകത്ത് പോരാടി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. ഇത് നടക്കാതെ വന്നപ്പോഴാണ് ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയത് എന്നും സുജേഷ് കണ്ണാട്ട് പറയുന്നു.