Kerala

സിപിഐഎമ്മിന്‍റെ സഹകരണനയം കേരളത്തിന് നാണക്കേട്: കെ സുധാകരന്‍ എംപി

സിപിഐഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്‍റ്. നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. തട്ടിപ്പ് നടത്തുന്നവർക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍. നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന ധനസമ്പാദന മാര്‍ഗമാണ് പാർട്ടി പരീക്ഷിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്ന് വര്‍ഷങ്ങൾ പിന്നിടുകയും, മൂന്ന് രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം 25 കോടി അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. കേരള ബാങ്കില്‍ നിന്ന് അന്ന് തന്നെ നിക്ഷേപകരെ സഹായിക്കാനുള്ള തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടാതെ ഇപ്പോള്‍ നടത്തുന്ന നീക്കം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. സിപിഐഎം നിയന്ത്രണത്തിലുള്ള റബ്കോയുടെ കോടികളുടെ കടബാധ്യത എറ്റെടുത്ത പിണറായി സര്‍ക്കാര്‍ സാധാരണക്കാരായ കരുവന്നൂരിലെ നിക്ഷേപകരുടെ കണ്ണീരൊപ്പാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷത്തിന്‍റെ നിക്ഷേപം ഉണ്ടായിരുന്ന മാപ്രാണം സ്വദേശി ഫിലോമിനയും പത്തുലക്ഷം നിക്ഷേപം ഉണ്ടായിരുന്ന തളിയക്കോണം സ്വദേശി ഇ.എം രാമനും സര്‍ക്കാര്‍ അലംഭാവത്തിന്‍റെ ഇരകളാണ്. ബാങ്കില്‍ പണം ഉണ്ടായിട്ടും ചികിത്സക്ക് പണം ഇല്ലാതെ മരിച്ച ഇവരുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. സഹകരണ ബാങ്കുകളിലെ മുഴുവൻ നിക്ഷേപങ്ങൾക്കും ഗാരന്‍റി നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ് വാക്കായെന്നും സുധാകരന്‍ പറഞ്ഞു.