Cricket Sports

വിസ്മയിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ്

മൂന്നാം ഘട്ടത്തില്‍ അതും അവസാന റൗണ്ടിലാണ് റിയാന്‍ പരാഗ് എന്ന അസംകാരനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുന്നത്. വലിയ പിടിവലിയുമൊന്നുമില്ലാതെ പരാഗിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത് 20 ലക്ഷത്തിന്. എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്സോടെ ഈ പരാഗാണിപ്പോള്‍ ചര്‍ച്ചാ വിഷയം.

രാജസ്ഥാനായി നാല് മത്സരങ്ങളിലെ പരാഗിന് അവസരം ലഭിച്ചുള്ളൂ. അടുത്ത മത്സരത്തില്‍ തന്നെ ഒഴിവാക്കാന്‍ പാടില്ലെന്നതരത്തിലുള്ള പ്രകടനമാണ് ഓരോ മത്സരം കഴിയുംതോറും പരാഗ് നല്‍കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിച്ച പ്രകടനമാണ് ഇപ്പോള്‍ പരാഗിന്റെ കരിയറിലെ വഴിത്തിരിവ്. 31 പന്തില്‍ 47 റണ്‍സാണ് പരാഗ് നേടിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ. കന്നി അര്‍ദ്ധ സെഞ്ച്വറിയിലേക്ക് കുതിച്ച പരാഗ് ഹിറ്റ് വിക്കറ്റിലൂടെയാണ് പുറത്തായത്.