അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ആക്ഷേപം. തീരുമാനം അപ്രായോഗികമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. കേരളത്തിനു പുറത്തുള്ള ഡോ. ബിജു പൊറ്റക്കാടിനെ നോഡൽ ഓഫീസറായി നിയമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. എവി ജയകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം രണ്ടിന് ചേർന്ന ഒരു ഓൺലൈൻ യോഗത്തിലാണ് ഇത്തരത്തിൽ ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനമായത്. പോണ്ടിച്ചേരി ജവഹർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊ. ബിജു പൊറ്റക്കാടാണ് 500 കോടി രൂപ ചെലവിൽ ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങാനുള്ള പ്രൊപ്പോസൽ വെച്ചത്. ഇത് യോഗത്തിൽ അംഗീകരിക്കുകയാണ്.
എന്നാൽ, പ്രാഥമിക ചർച്ച പോലും ഇക്കാര്യത്തിൽ നടത്തിയില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അവയവ മാറ്റത്തിനു മാത്രമായി 500 കോടി രൂപ മുടക്കി ഒരു സ്ഥാപനം തുടങ്ങുന്നത് പ്രായോഗികമല്ല. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അവയവ മാറ്റത്തിനുള്ള അത്യാധുനിക സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ പുതിയ ഒരു സ്ഥാപനം തുടങ്ങുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.