എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ വീണ്ടും യൂറോപ്പിലേക്ക് പോകുന്നു എന്ന് റിപ്പോർട്ട്. മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്ന് ജിങ്കന് ഓഫറുകളെണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡെന്മാർക്ക്, സ്വീഡൻ, നോർവെ എന്നീ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്നുള്ള ഓഫറുകളാണ് ജിങ്കൻ പരിഗണിക്കുന്നത്. ഇതോടൊപ്പം മൂന്ന് ഇന്ത്യൻ ക്ലബുകളും ഈ താരത്തിനായി രംഗത്തുണ്ട്.
2021 ഓഗസ്റ്റിൽ ക്രൊയേഷ്യൻ ഒന്നാം നിര ക്ലബായ എച്ച്എൻകെ സിബെനിക്കുമായി കരാറൊപ്പിട്ട ജിങ്കൻ ക്ലബിനായി അരങ്ങേറിയില്ല. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം വലഞ്ഞ താരം പിന്നീട് എടികെയിലേക്ക് തന്നെ മടങ്ങി. സിബെനിക്കിൽ നിന്ന് അഞ്ച് മാസത്തെ വായ്പാടിസ്ഥാനത്തിലാണ് ജിങ്കൻ തിരികെ എത്തിയത്.
2020 ൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് റെക്കോർഡ് തുകക്ക് എടികെ മോഹൻ ബഗാനിലെത്തിയ ജിങ്കൻ ഒരു വർഷത്തേക്കാണ് സിബെനിക്കുമായി കരാർ ഒപ്പിട്ടിരുന്നത്.
കഴിഞ്ഞ സീസണിൽ എടികെ മോഹൻ ബഗാനു വേണ്ടി കളിച്ച താരം പഴയ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു പറ്റം സ്ത്രീകൾക്കെതിരെയാണ്’ എന്നായിരുന്നു ജിങ്കൻ്റെ പരാമർശം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ ജിങ്കനെതിരെ കടുത്ത വിമർശനങ്ങളുയർന്നു.
വിവാദങ്ങൾക്കു പിന്നാലെ രണ്ട് ദിവസങ്ങൾ കൊണ്ട് അയ്യായിരത്തോളം ഫോളോവേഴ്സിനെയാണ് ഇൻസ്റ്റഗ്രാമിൽ ജിങ്കനു നഷ്ടമായത്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബും താരത്തെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. ഇതിനു പിന്നാലെ ജിങ്കൻ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു. ക്ലബ് വിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു ജിങ്കൻ. അതുകൊണ്ട് താരത്തിൻ്റെ ഒരു കൂറ്റൻ ടിഫോ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഗാലറിയിൽ ഉയർത്താറുണ്ടായിരുന്നു. എന്നാൽ, ഈ ടിഫോ ആരാധകർ കത്തിച്ചു.
തുടർന്ന് താരം പരാമർശത്തിൽ മാപ്പപേക്ഷയുമായി രംഗത്തെത്തി. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ജിങ്കൻ മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. തെറ്റ് പറ്റിപ്പോയെന്ന് മനസ്സിലാക്കുന്നു എന്നും നല്ലൊരു മനുഷ്യനാവാൻ ശ്രമിക്കുമെന്നും ജിങ്കൻ വിഡിയോയിലൂടെ പറയുന്നു.