India Kerala

കാറ്റിലും മഴയിലും വന്‍ കൃഷിനാശം

കാറ്റിലും മഴയിലും എറണാകുളം കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത കൃഷിനാശം. വന്‍ മരങ്ങള്‍ വീണ് നിരവധി വീടുകളും തകര്‍ന്നു. പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല.‌

കോതമംഗലം താലൂക്കിലെ പിണ്ടിമന പഞ്ചായത്തിലാണ് കാറ്റിലും മഴയിലും ഏറെ നാശം ഉണ്ടായത്. ഇവിടെ ഏകദേശം അമ്പതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങൾ തകരുകയും, കൃഷിയിടങ്ങൾ നശിക്കുകയും, മൃഗങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തതോടെ പിണ്ടിമനക്കാർ കടുത്ത ആശങ്കയിലായിരിക്കുകയാണ്.

കൂറ്റൻ മരങ്ങൾ കടപുഴകി വീടിനു മുകളിൽ പതിച്ചതു മൂലമാണ് ഭൂരിഭാഗം വീടുകളും തകർന്നത്. മരങ്ങൾ കടപുഴകി റോഡിനു കുറുകെ വീണതിനാൽ മിക്കയിടങ്ങളിലും ഗതാഗതം സ്തംഭിച്ചിരുന്നു. വൈദ്യുതി തൂണുകൾ മറിഞ്ഞ് കമ്പികൾ പൊട്ടിവീണ് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. ഇന്നും പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

നൂറു കണക്കിന് റബറും, വാഴയും, ജാതിയുമാണ് കാറ്റിൽ നിലംപൊത്തിയത്. തേക്ക്, ആഞ്ഞിലി, മാവ്, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങൾ ഒടിഞ്ഞും കടപുഴകിയും നാശനഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിച്ചു. കർഷകർക്കുണ്ടായ നാശനഷ്ടം ബോധ്യപ്പെട്ടെന്നും നഷ്ടപരിഹാരം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും സ്ഥലം സന്ദർശിച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.