Kerala

‘കയ്യില്‍ ചുരുട്ടിപ്പിടിച്ച് പൊക്കോളാന്‍ പറഞ്ഞു’; നീറ്റ് പരീക്ഷയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ കൂടുതല്‍ പരാതികള്‍

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. തങ്ങള്‍ക്കുണ്ടായത് മോശം അനുഭവമാണെന്നും പരീക്ഷ കഴിഞ്ഞും കോളജില്‍ വച്ച് അടിവസ്ത്രമിടാന്‍ അനുവദിച്ചില്ലെന്നും കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പറഞ്ഞു.

‘മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയത്. ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ അവര്‍ ഇരുത്തി. വലിയ മാനസിക വിഷമമാണുണ്ടാക്കിയത്. മോശമായ അനുഭവം നേരിട്ട പെണ്‍കുട്ടികളില്‍ ചിലര്‍ കരഞ്ഞിരുന്നു. പക്ഷേ ഇതൊക്കെ പ്രൊസീജിയറിന്റെ ഭാഗമാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് അവിടെ നിന്ന് ഡ്രസ് മാറാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ല. കയ്യില്‍ ചുരുട്ടിപ്പിടിച്ച് പൊക്കോളാനാണ് പറഞ്ഞത്.’. കൊല്ലം സ്വദേശിനി പ്രതികരിച്ചു.

ഒരു മുറിയില്‍ എല്ലാ കുട്ടികളുടെയും അടിവസ്ത്രങ്ങള്‍ ഒരുമിച്ച് കൂട്ടിയിട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം പരീക്ഷ നടത്തിയ ഏജന്‍സിയുടെ പ്രവൃത്തി വളരെ മോശമായെന്ന് വിദ്യാര്‍ത്ഥിനികളിലൊരാളുടെ പിതാവ് പ്രതികരിച്ചു.

സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്ലം റൂറല്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയത്.

കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്!പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചിരുന്നു.