Kerala

കിഫ്ബി പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങളനുസരിച്ച്; ഇ.ഡിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് തോമസ് ഐസക്

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇ.ഡിയുടെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ പ്രതികരണവുമായി മുന്‍ ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. ഇ.ഡിയുടെ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. രണ്ട് വര്‍ഷമായി ഇഡി അന്വേഷിച്ചുനടക്കുന്ന കേസില്‍ ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

‘രണ്ട് വര്‍ഷമായി ഇഡി ഈ കേസ് അന്വേഷിച്ചുനടക്കുന്നു. ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്ന് അറിയില്ല. ഇന്‍കം ടാക്‌സും സിആന്‍ഡ്എജിയും ആരുമൊന്നും കണ്ടെത്തിയില്ല. ആകെ രണ്ട് വരിയാണ് എന്റെ കത്തിലുള്ളത്. ബുക്ക് ഓഫ് അക്കൗണ്ട്‌സും എല്ലാ രേഖകളുമായി ഹാജരാകണമെന്ന്. എന്താ അതിന്റെയര്‍ത്ഥം? ഇന്നലെയാണ് കത്ത് കിട്ടുന്നത്. 13ആം തിയതി ആണ് അയച്ചതെന്ന് അവര്‍ പറയുന്നു. എന്തോ രാഷ്ട്രീയമുണ്ട് ഈ നീക്കത്തിന് പിന്നില്‍.

‘എനിക്കൊരു ടെന്‍ഷനുമില്ല. ഇന്ന് വേറെ പരിപാടികളുള്ളത് കൊണ്ടാണ് ഇന്ന് ഹാജരാകാത്തത്. നന്നായി നടക്കുന്നതാണ് കിഫ്ബി ഇടപാടുകള്‍. അവിടെ കടലാസ് ഏര്‍പ്പാടൊന്നുമില്ല. എല്ലാം കമ്പ്യൂട്ടറില്‍ കൃത്യമാണ്. പണംഎവിടെ നിന്നും ചാക്കിലൊന്നും കെട്ടിവരില്ലല്ലോ. എല്ലാം ഓണ്‍ലൈനാണ്.

കിഫ്ബിയിലെ എല്ലാ ഇടപാടുകളും റിസര്‍വ് ബാങ്ക് ചട്ടമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മുന്‍ ധനമന്ത്രി കിട്ടിയ പണത്തിന്റെ വിനിയോഗം സംബന്ധിച്ച് എല്ലാ മാസവും കണക്ക് റിസര്‍വ് ബാങ്കിന് കൊടുക്കുന്നതാണെന്നും വ്യക്തമാക്കി. ഇതിനെല്ലാം പിന്നില്‍ രാഷ്ട്രീയ നീക്കമാണ്. ആ രീതിയില്‍ തന്നെ നേരിടണോ നിയമപരമായി നേരിടണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. ഒന്ന് പഠിച്ച് വന്നിട്ട് ചോദിക്കണമെന്നേ ഇ.ഡി ഉദ്യോഗസ്ഥരോട് പറയാനുള്ളൂ’. തോമസ് ഐസക്ക് പറഞ്ഞു.