World

‘കാത്തിരുന്ന് നിരീക്ഷിക്കുക’; ശ്രീലങ്കന്‍ പ്രതിസന്ധിയെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് ചൈന

ശ്രീലങ്കന്‍ പ്രതിസന്ധിയെ അതീവ ഗൗരവത്തോടെയും സൂക്ഷമതയോടെയും ചൈന വിലയിരുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ‘കാത്തിരുന്ന് നിരീക്ഷിക്കുക’ എന്ന സമീപനമാണ് ചൈന വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയ്ക്ക് സാമ്പത്തിക സാഹയം നല്‍കുന്നത് പരിഗണനയിലുണ്ടോയെന്ന് ചൈന വ്യക്തമാക്കത്തതിനു പിന്നിലും ഇതേ നിലപാടണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശ്രീലങ്ക ചൈനയുടെ സൗഹൃദ അയല്‍ക്കാരനും സഹകരണ പങ്കാളിയുമാണ്. ശ്രീലങ്കയിലെ എല്ലാ മേഖലകള്‍ക്കും രാജ്യത്തെ ജനങ്ങളുടെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ മനസില്‍ പിടിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനുമുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ശ്രീലങ്കയിലെ എല്ലാ മേഖലകള്‍ക്കും കഴിയുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്റെ പ്രതികരണം.

സാമ്പത്തിക സഹായത്തിനായുള്ള ശ്രീലങ്കന്‍ അഭ്യര്‍ത്ഥനകളോട് ചൈന പ്രതികരിക്കുന്നുണ്ടോയെന്ന ദി ഹിന്ദു ദിനപത്രത്തിന്റെ ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാന്‍ ചൈന തയാറായില്ല. ബെയ്ജിംഗ് സഹായം ഒരുക്കുന്നുണ്ടോ എന്ന് പറയാന്‍ വാങ് വെന്‍ബിന്‍ വിസമ്മതിച്ചുവെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കയുടെ സുസ്ഥിര വികസനത്തിനും നിലവിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനും സഹായിക്കാന്‍ പ്രസക്തമായ രാജ്യങ്ങളുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജപക്‌സെയുമായി ചൈന അടുത്ത ബന്ധം വളര്‍ത്തിയെടുക്കുമ്പോള്‍, മുന്‍ സിരിസേന സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചതുപോലെ കൊളംബോയിലെ ഏത് ഭരണകൂടവുമായും പ്രവര്‍ത്തിക്കുമെന്ന വിശാല നിലപാടാണ് ചൈനക്കുള്ളതെന്നാണ് നിരീക്ഷകരുടെ വാദം.

എന്നിരുന്നാലും, നിക്ഷേപങ്ങളെയും സഹായങ്ങളെയും സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മപരിശോധനയോടെയാണ് ചൈന മുന്നോട്ട് പോകുന്നത്.