Kerala

ആറുവർഷം മുൻപ് പ്രവർത്തനം നിലച്ച ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന്റെ പുനരുദ്ധാരണ സാധ്യത തെളിയുന്നു

ആറുവർഷം മുൻപ് പ്രവർത്തനം നിലച്ച കോഴിക്കോട് ചെറുണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സിൻ്റെ പുനരുദ്ധാരണ സാധ്യത തെളിയുന്നു. രണ്ടു വർഷമായി ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് അധികൃതർ പുനരുദ്ധാരണ റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന സർക്കാരും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും തുല്യ പങ്കാളിത്തത്തോടെയാണ് സ്റ്റീൽ കോംപ്ലക്സ് നടത്തുന്നത്.

കമ്പിയുണ്ടാക്കാനുള്ള ഉരുക്ക് ബില്ലറ്റ് ലഭിക്കാതെ വന്നതോടെയാണ് സ്റ്റീൽ കോംപ്ലക്സിൻ്റെ പ്രവർത്തനം നിലച്ചത്. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥിരം ജീവനക്കാരായ 30 പേർ ദിവസവും വെറുതെ വന്ന് പോകുന്നു. കമ്പി ഉൽപാദനം പുനരാരംഭിക്കാൻ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചില നിർദേശങ്ങൾ 2019ൽ കേരള സർക്കാരിന് നൽകി. അതിൽ പ്രധാനപ്പെട്ടത് ഇവിടെ ഉൽപാദിപ്പിക്കുന്ന കമ്പികളുടെ 30 ശതമാനം പൊതുമരാമത്ത് ജോലികൾക്കായി വാങ്ങണമെന്നായിരുന്നു. എന്നാൽ തീരുമാനമൊന്നും നടപ്പായില്ല. പട്ടിണിയിലായ തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക് നീങ്ങിയതോടെയാണ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കാൻ ശ്രമം ആരംഭിച്ചത്.

കേരള സർക്കാരിനും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കമ്പനി നടത്താൻ കഴിയില്ലെങ്കിൽ മൂന്നാമത് ഒരാൾക്ക് കമ്പനി നടത്തിപ്പ് കൈമാറണമെന്ന് തൊഴിലാളികൾ പറയുന്നു. ദേശീയപാതയ്ക്കും റെയിൽവേയ്ക്കും ഇടയിലുള്ള 32 ഏക്കർ ഭൂമിയിലെ ഫാക്ടറി കെട്ടിടമാണ് കാടുകയറി തുരുമ്പെടുത്ത് നശിക്കുന്നത്.