National

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി. അടുത്ത ആഴ്ച ഹർജികൾ കേൾക്കാമെന്നാണ് പരമോന്നത കോടതി അറിയിച്ചിരിക്കുന്നത്. ഹിജാബ് അനിവാര്യമായ മുസ്ലിം മതാചാരമല്ലെന്നാണ് മാർച്ച് 15ന് കർണാടക ഹൈക്കോടതി വിധിച്ചത്.

മാർച്ച് 15ന് ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു. ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടില്ല. അതുകൊണ്ട് തന്നെ യൂണിഫോമിൻ്റെ ഭാഗമായി ഹിജാബ് ധരിക്കരുതെന്നാവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാർത്ഥികൾ നൽകിയ ഹർജിയിന്മേലാണ് വിധി വന്നിരിക്കുന്നത്.

വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തലസ്ഥാന നഗരമായ ബെംഗളുരുവിൽ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ക്രമസമാധാനം നിലനിർത്താൻ വേണ്ടിയാണ് ഇതെന്നാണ് സർക്കാർ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.

ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

വിധിക്ക് ശേഷം കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഹിജാബ് ധരിച്ചെത്തിയ നിരവധി വിദ്യാർത്ഥികളെ പുറത്താക്കിയിരുന്നു. പല വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാനും സാധിച്ചില്ല. ഹിജാബ് ധരിച്ച പല വിദ്യാർത്ഥികളെയും കോളജിൽ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ചെയ്തു. കോളജ് വാതിൽക്കൽ വച്ച് ഹിജാബ് അഴിച്ചാണ് പല വിദ്യാർത്ഥികളും അകത്തുകയറിയത്.