കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്‍റെ സഹായ ഹസ്തം. ജാതിമത ഭേദമന്യേ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 66 കുടുംബങ്ങള്‍ക്കാണ് ജംഇയ്യത്ത് വീട് നിര്‍മിച്ച് നല്‍കുന്നത്. മാനവികതയുടെ സന്ദേശമാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ മൌലാന അര്‍ഷദ് മദനി പറഞ്ഞു.
കേരളത്തിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 66 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ജംഇയ്യത്ത് വീട് നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ നാല്പത് വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഇവയുടെ താക്കോല്‍ദാനം നാളെ കണ്ണൂരില്‍ നടക്കും. ജാതിമത ഭേദമന്യേ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരെയാണ് ഗുണഭോക്താക്കളായി കണ്ടെത്തിയതെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അഖിലേന്ത്യ അധ്യക്ഷന്‍ മൌലാന അര്‍ഷദ് മദനി പറഞ്ഞു.
നാല് ലക്ഷം രൂപ ചിലവഴിച്ചാണ് ഒരോ വീടും നിര്‍മിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച 95 വീടുകളുടെ അറ്റക്കുറ്റപ്പണികളും ജംഇയ്യത്ത് പൂര്‍ത്തീകരിച്ചു. കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ ധനശേഖരണം നടത്തിയാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചതെന്നും അര്‍ഷദ് മദനി കൂട്ടിച്ചേര്‍ത്തു.