ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് രാംനാഥ് കോവിന്ദുമടക്കമുള്ള പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റപ്പോഴും ദുഃഖം രേഖപ്പെടുത്തുന്നതിനിടയില്‍, തന്റെ അടുത്ത സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഇന്തോ ജപ്പാന്‍ ബന്ധങ്ങളുടെ ചരിത്രം വളരെ നീണ്ടതാണ്.ബുദ്ധമതം ജപ്പാനില്‍ അവതരിപ്പിച്ച ആറാം നൂറ്റാണ്ടില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റം ആരംഭിച്ചതായി പറയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, 1949ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ടോക്കിയോയിലെ യുനോ മൃഗശാലയിലേക്ക് ഒരു ആനയെ സംഭാവന ചെയ്തു. യുദ്ധത്തിലെ പരാജയത്തില്‍ നിന്ന് കരകയറാത്ത ജാപ്പനീസ് ജനതയുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ എന്ന രീതിയിലായിരുന്നു ഇത്.പിന്നീട്, ഇന്ത്യയും ജപ്പാനും സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുകയും 1952 ഏപ്രില്‍ 28ന് നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാന്‍ ഒപ്പുവെച്ച ആദ്യത്തെ സമാധാന ഉടമ്പടികളില്‍ ഒന്നായിരുന്നു ഇത്.
2000 ഓഗസ്റ്റില്‍ പ്രധാനമന്ത്രി യോഷിറോ മോറിയുടെ ഇന്ത്യാ സന്ദര്‍ശനം ജപ്പാന്‍ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടി. മോറിയും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും ജപ്പാനും ഇന്ത്യയും തമ്മിലുള്ള ആഗോള പങ്കാളിത്തം പടുത്തുയര്‍ത്താന്‍ തീരുമാനിച്ചു. 2005 ഏപ്രിലില്‍ പ്രധാനമന്ത്രി ജൂനിചിറോ കൊയ്‌സുമിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ജപ്പാന്‍ഇന്ത്യ വാര്‍ഷിക ഉച്ചകോടി യോഗങ്ങള്‍ നടന്നു. 2006 ഡിസംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജപ്പാന്‍ സന്ദര്‍ശിച്ചു.