അത്യുഗ്രൻ വിവാഹ സത്കാര വിരുന്നിനൊരുങ്ങി ബ്രിട്ടൻ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജിവച്ചുവെങ്കിലും കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുന്ന ബോറിസ് ജോൺസൺ തന്റെ ഔദ്യോഗിക വസതിയിലാകും വിരുന്ന് ഒരുക്കുക.
1920 മുതൽ ബ്രിട്ടീഷ് പ്രധാന മന്ത്രിമാരുടെ അവധിക്കാല വിഹാരകേന്ദ്രമായ ചെക്കേഴ്സിലാകും വിവാഹ സത്കാര വിരുന്ന് നടക്കുക. ജൂലൈ 30നാണ് വിൻസ്റ്റൺ ചർചിലിന്റെ വസതിയായിരുന്ന ചെക്കേഴ്സിൽ ചടങ്ങ് സംഘടിപ്പിക്കുന്നത്.
എന്നാൽ ബോറിസ് ജോൺസണ് അൽപമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ വിവാഹം മറ്റൊരു സ്ഥലത്ത് നടത്തണമെന്നാണ് കൺസർവേറ്റിവ് പാർട്ടി പ്രതിനിധികളുടെ നിലപാട്. എന്നാൽ പുതിയ പ്രധാനമന്ത്രി വരുന്നത് വരെ ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്ത് തന്നെ തുടർന്ന് രാജ്യത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുമെന്ന് ബോറിസിന്റെ വാക്താവ് വ്യക്തമാക്കി.
2021 ൽ കൊവിഡ് മഹാമാരിക്കാലത്താണ് ബോറിസ് ജോൺസണും കാരിയും വിവാഹിതരാകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട വളരെ കുറച്ച് പേരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വെസ്റ്റ്മിനിസ്റ്റർ കതീഡ്രലിലെ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.