തെരഞ്ഞെടുപ്പ് വിലയിരുത്തലിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികള്‍ നല്കിയ കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള സാധ്യതകളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. എട്ടില്‍ കുറയാത്ത സീറ്റുകള്‍ ഇത്തവണയും ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
ഓരോ മണ്ഡലത്തിലും ഇടതു സ്ഥാനാര്‍ഥിക്ക് ലഭിക്കാനിടയുള്ള വോട്ടിന്റെ കൃത്യം കണക്ക് വേണം. ഊതിപെരുപ്പിച്ച കണക്ക് വേണ്ട, തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ത്തന്നെ കീഴ്ഘടകങ്ങള്‍ സി.പി.എം നേതൃത്വം നല്കിയ നിര്‍ദേശമിതാണ്. വോട്ടെടുപ്പിനു ശേഷവും ഇതുതന്നെയാണ് നേതൃത്വം മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ മണ്ഡലം കമ്മിറ്റികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ബി.ജെ.പി വോട്ടുകള്‍ അവരുടെ സ്ഥാനാര്‍ഥികള്‍ക്കു തന്നെ ലഭിച്ചാല്‍ 14 സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടല്‍. എന്നാല്‍ വോട്ടെടുപ്പിനു ശേഷം ഈ ആത്മവിശ്വാസം നേതാക്കള്‍ക്കില്ല. ബി.ജെ.പി വ്യാപകമായി യു.ഡി.എഫിന് വോട്ട് മറിച്ചു എന്ന വിലയിരുത്തലിലാണ് സി.പി.എം. പ്രത്യേകിച്ചും വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍.
വടകരയില്‍ പി.ജയരാജനെതിരേ ആര്.എസ്എ.സ് വോട്ട് മറിച്ചെങ്കിലും അവിടെ ജയിക്കാമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍. കണ്ണൂരിലും കാസര്‍ഗോഡും കോഴിക്കോട്ടും ആലത്തൂരിലും കൊല്ലത്തും ബി.ജെ.പി വോട്ടുകള്‍ വലിയ തോതില്‍ യു.ഡി.എഫിലേക്കു പോയതായും കണക്കാക്കുന്നു. എന്നാല്‍ ഇതില്‍ ചില മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷ ഇപ്പോഴുമുണ്ട്. മോദി വിരുദ്ധ വികാരവും ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കയും യു.ഡി.എഫ് അനുകൂല തരംഗമുണ്ടാക്കുമെന്ന ഭയവും ആശങ്കയും നേതാക്കളില്‍ ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ജനവിഭാഗവും ക്രൈസ്തവരിലെ വലിയൊരു വിഭാഗവും ഇടതുമുന്നണിയെ പിന്തുണച്ചിരുന്നു. ആ പിന്തുണ അതേ തോതില്‍ ഇത്തവണ കിട്ടിയിട്ടുണ്ടോയെന്ന സംശയം പാര്‍ട്ടിക്കുള്ളിലുണ്ട്.