Kerala

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: പ്രാഥമിക റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക്

പാലക്കാട്‌ തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പാലക്കാട് ഡിഎംഒ പ്രാഥമിക റിപ്പോർട്ട് കൈമാറി. ആരോഗ്യമന്ത്രിക്കാണ് റിപ്പോർട്ട് കൈമാറിയത്. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു.
തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. ആശുപത്രി ജീവനക്കാരുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ചികിത്സാപിഴവെന്ന പരാതിയിലാണ് നടപടി. അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവിനെ തുടർന്ന് മരിച്ചുവെന്നാരോപിച്ച് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി വരുന്നത്. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തികയാണ് (27) മരിച്ചത്. അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

അതിനിടെ തങ്കം ആശുപത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിക്കുകയാണ് മരിച്ച ഐശ്വര്യയുടെ കുടുംബം. ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭ‍ര്‍ത്താവ് പറഞ്ഞു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.