പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. 2014ല്‍ മണ്ഡലത്തില്‍ മത്സരിച്ച അജയ് റായെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉടന്‍ പ്രിയങ്ക മത്സരരംഗത്തേക്ക് ഇറങ്ങേണ്ടെന്ന സോണിയ ഗാന്ധിയുടെ നിലപാടാണ് തീരുമാനത്തിന് പിന്നില്‍.
സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി ഇറങ്ങിയതു മുതല്‍ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചയായിരുന്നു. എന്നാല്‍ വാരണാസി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് പ്രിയങ്ക തന്നെയായിരുന്നു. ഗംഗ യാത്രക്കിടെ വാരണാസിയില്‍ മത്സരിച്ചാല്‍ എന്താണെന്ന പ്രിയങ്കയുടെ ചോദ്യമാണ് ചര്‍ച്ച സജീവമാക്കിയത്. പ്രചാരണ വേദികളില്‍ പ്രിയങ്ക ഗാന്ധിയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വാരണാസി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ തള്ളിയതുമില്ല. പാര്‍ട്ടിയും അധ്യക്ഷനും ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
എന്നാല്‍ സോണിയ ഗാന്ധിയുടെ എതിര്‍പ്പ് ഇക്കാര്യത്തില്‍ ശക്തമായിരുന്നു. പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉടന്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ സോണിയ ഗാന്ധി ഉറച്ചുനിന്നു. സ്ഥാനാര്‍ഥിത്വം പ്രിയങ്കയെ വാരണാസിയില്‍ ഒതുക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ടായിരുന്നു. തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നാല് ദിവസം മാത്രം ശേഷിക്കെ അജയ് റായെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അഞ്ച് തവണ യു.പി എം.എല്‍.എ ആയ അജയ് റായ്ക്ക് വലിയ പ്രാദേശിക പിന്തുണയുമുണ്ട്. 2014ല്‍ 75,000 വോട്ടോടെ കെജ്രിവാളിന് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്.
തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ രണ്ടാം മണ്ഡലമായ വയനാട്ടില്‍ നില്‍ക്കുകയും പ്രിയങ്കയെ അമേഠി ഉപതെരഞ്ഞെടുപ്പില്‍ ഇറക്കുകയും ചെയ്യാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.