Kerala

സ്വപ്ന സുരേഷിനെതിരായ വധഭീഷണി; നൗഫലിന് ജാമ്യം, ഫോൺ തിരികെ നൽകിയില്ല

സ്വപ്ന സുരേഷിനെതിരായ വധഭീഷണിക്കേസിലെ പ്രതി പെരിന്തല്‍മണ്ണ തിരൂർക്കാട് സ്വദേശി നൗഫലിന് ജാമ്യം ലഭിച്ചു. ഇന്ന് പത്ത് മണിക്ക് സ്റ്റേഷനിൽ വീണ്ടും ഹാജരാവാനാണ് മങ്കട പൊലീസിന്റെ നിർദേശം. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും, വസ്തുതകളും വിലയിരുത്തുന്നതിനായി പ്രതിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നൗഫലിന്റെ ഫോൺ തിരികെ നൽകിയിട്ടില്ല.

നൗഫലിനെ പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളാണെന്ന് സഹോദരന്‍ നിസാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ മുന്‍പും ഇയാള്‍ക്കക്കതിരെ സമാനമായ പരാതികള്‍ വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എത്ര നാള്‍ ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ലെന്നും പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

കെ ടി ജലീല്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞും തനിക്ക് ഭീഷണി സന്ദേശമെത്തിയെന്ന് സ്വപ്‌ന പറയുന്നു. നൗഫല്‍ എന്നയാള്‍ പേര് വെളിപ്പെടുത്തി ഭീഷണിപ്പെടുത്തി. ഗുണ്ടാനേതാവ് മരട് അനീഷിന്റെ പേര് പറഞ്ഞ് പോലും ഭീഷണികളെത്തി. ശബ്ദരേഖ ഉള്‍പ്പെടെ ഒപ്പം ചേര്‍ത്ത് ഡിജിപി മുന്‍പാകെ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കുന്നത് തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് നിരന്തരം പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്നാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുകള്‍ തുടരരുതെന്നാണ് പലരും ആവശ്യപ്പെടുന്നത്. എത്രത്തോളം സഹായവും സുരക്ഷയും തനിക്ക് ലഭിക്കുമെന്ന് ഉറപ്പില്ലെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.