Kerala

പഴയതിലും മനോഹരിയായി ശംഖുമുഖം, ഉല്ലാസത്തിരകൾ മടങ്ങിയെത്തുന്നു…

തിരിച്ചു പിടിക്കാനാകാത്തവിധം കടല്‍ കവര്‍ന്നതാണ് തലസ്ഥാന നഗരിയുടെ സൗന്ദര്യമായിരുന്ന ശംഖുമുഖം തീരം. ഓഖി ആഞ്ഞുവീശിയതിൽ പിന്നെ ശംഖുമുഖത്ത് ഉല്ലാസത്തിരകൾ കണ്ടിട്ടില്ല. ശംഖുമുഖത്തിപ്പോൾ അടിക്കുന്നത് രൗദ്രത്തിന്റെയും ദുഃഖത്തിന്റെയും തിരകളാണ്. എന്നാല്‍ ഇച്ഛാശക്തിയും കഠിനാധ്വാനവും സമം ചേര്‍ന്നതോടെ പ്രകൃതി മുട്ടുമടക്കി. പഴയതിലും മനോഹരിയായി തിരിച്ചുവരവിന് ഒരുങ്ങിക്കഴിഞ്ഞു ഈ ടൂറിസം ഹബ്ബ്.

ഓഖിയില്‍ തീരം വിഴുങ്ങിയ തിരകള്‍ ശംഖുമുഖത്തും വടുക്കള്‍ അവശേഷിപ്പിച്ചാണ് മടങ്ങിയത്. തീരം കടലെടുത്തതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ബീച്ചിനെ ആശ്രയിച്ചു ജീവിതം നയിച്ചിരുന്നവർ ബുദ്ധിമുട്ടിലായി.

തലസ്ഥാനം തിരക്കിറക്കിവച്ച തീരം വീണ്ടെടുക്കാനാകാത്തവിധം നഷ്ടമായെന്ന് പലരും വിലപിച്ചു. എന്നാല്‍ മനുഷ്യന്റെ ഇച്ഛാശക്തിക്കും കഠിനാധ്വാനത്തിനും മുന്നില്‍ പ്രകൃതി ഒരിക്കല്‍ കൂടി മുട്ടുമടക്കി.

കടല്‍ക്കാറ്റേറ്റ് നടക്കാന്‍ പാകത്തില്‍ നടവഴിയും കരിങ്കല്ല് പാകിയ നടവഴി. കൈകോര്‍ത്തിരിക്കാന്‍ മനോഹരമായ ഇരിപ്പിടങ്ങള്‍. കുരുന്നുകള്‍ക്ക് ഓടിക്കളിക്കാന്‍ വിശാലമായ പുല്‍ത്തകിടി. ശംഖുമുഖം വീണ്ടെടുപ്പിന്റെ പാതയിലാണ്.

ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ പുതിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികളെ ലക്ഷ്യമിട്ട് ടോയ് കാറുകളും, ടോയ് ട്രെയിനുകളുമൊക്കെ തയ്യാര്‍. ഫലം പഴയ ആളൊഴുകുന്ന ഇടമായി ശംഖുമുഖം മാറുന്നുവെന്നതാണ്.