ദൈവത്തിനും മനുഷ്യനും ഇടയിലാണ് ഒരു ഡോക്ടറുടെ സ്ഥാനം. ഒരു രോഗിയിൽ സ്വന്തം അച്ഛനെയും അമ്മയെയും മകനെയും മകളെയും ആണ് ഏതോരു ഡോക്ടറും കാണുക. ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ ഏറ്റവും അധികം കരയുന്നതും, മറിച്ച് ഒരു ജീവൻ രക്ഷിക്കാൻ പറ്റുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നതും ഒരു ഡോക്ടർ തന്നെയാണ്. മഹാമാരിയുടെ കെട്ടകാലത്തും ജീവൻ വെടിഞ്ഞ് മറ്റുള്ളവർക്ക് ഉയിരേകിയ ദൈവതുല്യരെ കൈയോങ്ങുമ്പോൾ ഒന്നോർക്കുക ഓരോ ആശുപത്രിയിലും ദിവസവും എത്ര ഡോക്ടർമാർ സ്വന്തം ഉറക്കം കളഞ്ഞ് ജീവനുകൾ രക്ഷിക്കുന്നു.
ഇന്ന് ഡോക്ടർമാരുടെ ദിനമാണ്. തിരിക്ക് പിടിച്ച ജീവിതത്തില്‍ ഡോക്ടര്‍മാര്‍ ആചരിക്കുന്ന ഒരേയൊരു ദിനമായിരിക്കും ഇത്. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനം. വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ട് നിസ്വാര്‍ത്ഥ സേവനത്തിലൂടെ നാടിന്റെ പുരോഗതിയ്ക്കായി പോരാടുന്ന ഡോക്ടര്‍മാരെ ആദരിക്കാനാണ് ഡോക്‌ടേഴ്‌സ് ദിനം ആചരിക്കുന്നത്. 1991 ജൂലൈ 1 മുതലാണ് രാജ്യത്ത് ഡോക്ടർമാരുടെ ദിനാചരണം ആരംഭിച്ചത്.
ആരാണ് ഡോ ബിധാന്‍ ചന്ദ്ര റോയി?
ബീഹാറിലെ പാറ്റ്നയില്‍ 1882 ജൂലൈ ഒന്നിനായിരുന്നു ജനനം. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനില്‍ നിന്ന് എംആര്‍സിപിയും എഫ് ആര്‍സിഎസും നേടി ഇന്ത്യയില്‍ തിരിച്ചെത്തി സേവനം ആരംഭിച്ചു. കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും കാംബല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി. പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി.
വൈദ്യശാസ്ത്ര രംഗത്തെ മികവ് പരിഗണിച്ച് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1976 മുതല്‍ ബി.സി.റോയ് ദേശീയ അവാര്‍ഡും നല്‍കി വരുന്നു. 1962 ജൂലായ് ഒന്നിന് ജന്മദിനത്തിലാണ് ആതുരബന്ധുവായ ഡോ.റോയി അന്തരിച്ചത്. അമേരിക്കയിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും മാര്‍ച്ച് 30ആണ് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്. 1842 മാര്‍ച്ച് 30ന് അമേരിക്കയിലെ ഡോ.ക്രോഫോര്‍ഡ് ഡബ്ള്യു.സി.ലിംഗ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ ഉപയോഗിച്ചതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിനാചരണം.