India National

നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിന് നല്‍കുമെന്ന് ബില്‍ക്കീസ് ബാനു

നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിന് നല്‍കുമെന്ന് ഇര ബില്‍ക്കീസ് ബാനു. കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ ഗര്‍ഭസ്ഥ ശിശുവായിരുന്ന മകള്‍ സഹാറയെ അഭിഭാഷകയാക്കും. 50 ലക്ഷം രൂപ ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസമാണ് സുപ്രീം കോടതി വിധിച്ചത്.

നിര്‍ണായകമായ കോടതിവിധിക്ക് ശേഷം ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് ബില്‍ക്കീസ് ബാനു മനസ് പങ്കുവെച്ചത്. നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിനായി നീക്കിവെക്കുമെന്ന് ഗുജറാത്തി ഭാഷയില്‍ പതിഞ്ഞ സ്വരത്തില്‍ ബില്‍ക്കീസ് ബാനു പറഞ്ഞു. ‌

ഇത്തരം ക്രിമിനല്‍ കേസുകളുടെ നിയമനടപടികള്‍ സുതാര്യമാക്കാനുള്ള നടപടികളുണ്ടാകണമെന്നും കണ്ണീരില്‍ കുതിര്‍ന്ന അനുഭവവിവരണത്തിനിടെ ബില്‍ക്കീസ് ബാനു കൂട്ടിച്ചേര്‍ത്തു. ബില്‍ക്കീസ് ബാനുവിന്‍റെ അഭിഭാഷയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഫറാ നഖ്വി അടക്കമുള്ള പൌരത്വ കൂട്ടായ്മയുമാണ് വാര്‍ത്തസമ്മേളനം നടത്തിയത്.