നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകില്ല. ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെ സമയം നീട്ടി വാങ്ങാനാണ് തീരുമാനം. അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം നേരമാണ് അന്വേഷണ ഏജൻസി രാഹുലിനെ ചോദ്യം ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും.
നാല് ദിവസങ്ങളിലായി 40 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് അവധി വേണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇളവിന് അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്ന് ഇ.ഡി. ചോദ്യം ചെയ്യലിന് ഇളവു നല്‍കുകയായിരുന്നു. ശേഷം ഇന്ന് (തിങ്കളാഴ്ച) വീണ്ടും രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്യുകയായിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.