Cricket

സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു; ഋതുരാജിനെതിരെ വിമർശനം ശക്തം: വിഡിയോ

സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു എന്ന ആരോപണമുയർത്തി ഇന്ത്യൻ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെതിരെ വിമർശനം ശക്തം. ഇത്തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ മാറ്റിയിരുത്തുന്നതും ഫോണിലേക്ക് നോക്കാതെ തിരികെയിരിക്കുന്നതും വിഡിയോയിൽ കാണാം.

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ അവസാന ടി-20യിലാണ് ആരോപണ വിധേയമായ സംഭവമുണ്ടായത്. മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴയത്ത് ഡഗൗട്ടിലിരിക്കുകയായിരുന്ന ഋതുരാജിൻ്റെ അടുത്തേക്ക് ഒരു ഗ്രൗണ്ട്സ്മാൻ എത്തുകയും അടുത്തുള്ള കസേരയിൽ ഇരിക്കുകയും ചെയ്തു. എന്നാൽ, ഇയാളെ ഋതുരാജ് തള്ളി നീങ്ങിയിരിക്കാൻ ആവശ്യപ്പെടുകയാണ്. തുടർന്ന് ഗ്രൗണ്ട്സ്മാൻ സെൽഫിക്കായി ഫോൺ ഉയർത്തിയെങ്കിലും ഫോണിലേക്ക് നോക്കാൻ ഋതുരാജ് തയ്യാറായില്ല. രണ്ട് മൂന്ന് തവണ ഗ്രൗണ്ട്സ്മാൻ സെൽഫി ആവശ്യം ഉന്നയിച്ചെങ്കിലും ഋതുരാജ് ഫോണിലേക്ക് നോക്കാൻ തയ്യാറായില്ല. അല്പസമയത്തിനു ശേഷം ഇയാളോട് എഴുന്നേറ്റ് പോകാൻ ഋതുരാജും സമീപത്തിരിക്കുന്ന മറ്റൊരു താരവും ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്ന് പരമ്പര 2-2 എന്ന നിലയിൽ സമനില ആയിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്സ് 3.3 ഓവർ പിന്നിട്ടപ്പോൾ മഴ പെയ്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കളി തടസപ്പെടുമ്പോൾ ഇന്ത്യക്ക് 28 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ (15), ഋതുരാജ് ഗെയ്ക്‌വാദ് (10) എന്നിവരാണ് പുറത്തായത്. ലുങ്കി എങ്കിഡി രണ്ട് വിക്കറ്റും വീഴ്ത്തി.

കേശവ് മഹാരാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് സിക്സറുകൾ നേടി ആരംഭിച്ച കിഷന് ഏറെ ആയുസുണ്ടായില്ല. രണ്ടാം ഓവറിലെ അവസാന പന്തിൽ എങ്കിഡിയുടെ സ്ലോ ബോൾ യുവതാരത്തിൻ്റെ കുറ്റി പിഴുതു. ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഋതുരാജ് നാലാം ഓവറിലെ രണ്ടാം പന്തിൽ പ്രിട്ടോറിയസിൻ്റെ കൈകളിൽ അവസാനിച്ചു. ഋതുരാജും സ്ലോ ബോളിനു മുന്നിലാണ് വീണത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.