രാജ്യത്തെ പൗരന്മാര് ചായ കുടി കുറയ്ക്കണമെന്ന് പാകിസ്താന് ഫെഡറല്‍ ആസൂത്രണ വികസന മന്ത്രി അഹ്സന് ഇഖ്ബാല്‍. തേയിലയുടെ ഇറക്കുമതി സര്‍ക്കാരിന് അധിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചായ ഉപഭോഗം കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാക്കിസ്താനികള്‍ക്ക് അവരുടെ ചായ ഉപഭോഗം പ്രതിദിനം ‘ഒന്നോ രണ്ടോ കപ്പ്’ കുറയ്ക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. കടം വാങ്ങിയാണ് രാജ്യം തേയില ഇറക്കുമതി ചെയ്യുന്നതെന്നും അഹ്സല്‍ ഇഖ്ബാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫെഡറല്‍ ബജറ്റ് രേഖയില്‍ പറയുന്നത് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 13 ബില്യണ്‍ രൂപയുടെ (60 മില്യണ്‍ യുഎസ് ഡോളര്‍) കൂടുതല്‍ തേയില പാകിസ്താന് ഇറക്കുമതി ചെയ്തിട്ടുണ്ട്.
കുറച്ച് മാസങ്ങളായി പാകിസ്ഥാന് കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. ഇത് ഭക്ഷ്യ, വാതകം, എണ്ണ എന്നിവയുടെ വില വര്‍ദ്ധനവിനും കാരണമായിട്ടുണ്ട്. വിദേശ കറന്‍സി കരുതല്‍ ശേഖരം അതിവേഗം കുറയുകയാണ്.
ഫെബ്രുവരി അവസാനത്തോടെ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള ഫണ്ട് 16.3 ബില്യണ്‍ ഡോളറില്‍ നിന്ന് മെയ് മാസത്തില്‍ 10 ബില്യണ്‍ ഡോളറിന് മുകളിലായി കുറഞ്ഞു 6 ബില്യണ്‍ ഡോളറിലധികം ഇടിവാണ് സംഭവിച്ചിട്ടുള്ളത്.