ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിച്ച മത്സരമായിരുന്നു ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സും ചെന്നൈ സൂപ്പര്‍കിങ്സും തമ്മില്‍ അരങ്ങേറിയത്. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് 26 റണ്‍സ്. ക്രീസില്‍ സാക്ഷാല്‍ എം.എസ് ധോണി. പന്തെറിയുന്നതോ ഡെത്ത് ഓവറുകളില്‍ ‘നല്ല ട്രാക്ക് റെക്കോര്‍ഡുള്ള’ മ്മടെ സ്വന്തം ഉമേഷ് യാദവും.
പതിവ് തെറ്റിച്ചില്ല ഉമേഷിന്റെ ആദ്യ പന്ത് തന്നെ ധോണി അതിര്‍ത്തി കടത്തി. രണ്ടാം പന്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കുരയിലാണ് പതിച്ചത്. 111 മീറ്റര്‍ സിക്സ് ഈ ഐ.പി.എല്ലിലെ മികച്ച സിക്സറുകളിലൊന്നായിരുന്നു. മൂന്നാം പന്തില്‍ ഉമേഷ് യോര്‍ക്കര്‍ ശ്രമിച്ചെങ്കിലും പാളി, ധോണി ആഞ്ഞുവീശിയപ്പോള്‍ പന്ത് എത്തിയത് ഗ്യാലറിയില്‍. നാലാം പന്തില്‍ രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും സിക്സര്‍. അതോടെ ഉമേഷിന്റെയും നായകന് വിരാട് കോഹ്ലിയുടെയും സന്തോഷം കെട്ടു. അതോടെ അവസാന പന്തില്‍ ചെന്നൈക്ക് ജയിക്കാന്‍ രണ്ട് റണ്‍സായി.
എന്നാല്‍ ആ രണ്ട് റണ്‍സ് നേടാന്‍ ധോണിക്കായില്ല. ഇവിടെയാണ് പാര്‍ത്ഥിവിന്റെ ഇടപെടല്‍. ഉമേഷിന്റെ സ്ലോ ബോള്‍ ധോണിയെ ബീറ്റ് ചെയ്തു, പന്ത് നേരെ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിന്റെ കൈകളിലേക്ക്. അതിവേഗത്തില്‍ പന്ത് കൈയിലാക്കി പാര്‍ത്ഥിവ് സ്റ്റമ്പിലെറിഞ്ഞു. ശര്‍ദ്ദുല്‍ താക്കൂര്‍ ക്രീസിലെത്തും മുമ്പെ പന്ത് സ്റ്റമ്പില്കൊണ്ടു. അതോടെ ആര്‍സിബിക്ക് ഒരു റണ്‍സിന്റെ ത്രില്ലിങ് വിജയം. ആശ്വാസമായത് ഉമേഷ് യാദവിനും കൂടിയാണ്. അല്ലായിരുന്നുവെങ്കില്‍ ആ 26 റണ്‍സും വിട്ടുകൊടുത്തെന്ന ചീത്തപ്പേര് പേറേണ്ടി വന്നേനെ.
ധോണിയെ പുകഴ്ത്തുമ്പോള്‍ തന്നെ ഉമേഷിന് മുട്ടന്‍ ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഉമേഷ് ട്രോളന്മാരുടെ ഇരയായിട്ട് കുറച്ചായി. മത്സരം തോറ്റിരുന്നുവെങ്കില്‍ കോഹ്ലിയെയാണ് കുറ്റം പറയേണ്ടതെന്നാണ് ട്രോളന്മാര് പറയുന്നത്. കാരണം മറ്റൊന്നുമല്ല എന്തിന് അവസാന ഓവര്‍ ഉമേഷിന് കൊടുത്തു. അതേസമയം ആദ്യ ഓവറുകള്‍ മികച്ച രീതിയില്‍ ഉമേഷ് എറിഞ്ഞിരുന്നു. 2 ഓവറില്‍ പത്ത് റണ്‍സ് വിട്ടുകൊടുത്ത താരം രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു. പക്ഷേ അവസാന രണ്ട് ഓവറുകളാണ് ദുരന്തമായത്.