National

‘ജാതിച്ചരട്’ കയ്യില്‍ കെട്ടി; തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; അര്‍ധനഗ്നനാക്കി ഓടിച്ചു

തമിഴ് നാട്ടില്‍ വീണ്ടും ജാതിവെറി മര്‍ദനം. തിരുനെല്‍വേലി പാളയംകോട്ടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. നഗരത്തിലൂടെ അര്‍ധനഗ്നനാക്കി ഓടിച്ചായിരുന്നു മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ജാതിയുടെ അടയാളമായ മഞ്ഞ ചരട്’ കയ്യില്‍ കെട്ടിയതിനായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും മര്‍ദനമേറ്റു. സംഭവത്തില്‍ പാളയംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

പാളയംകോട്ട സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സ്‌കൂളിന് പുറത്ത് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ചായിരുന്നു മര്‍ദനം. സംഘം ചേര്‍ന്നെത്തിയ വിദ്യാര്‍ത്ഥികള്‍ അര്‍ധനഗ്നനാക്കി വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തെത്തി.
ദൃശ്യങ്ങള്‍ കണ്ട് കേസെടുത്ത പാളയംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചരട് കയ്യില്‍ കെട്ടി സ്‌കൂളിലെത്തിയതാണ് മര്‍ദനത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതായി പൊലീസ് പറഞ്ഞു. തിരുനെല്‍വേലി മേഖലയില്‍ ജാതിതര്‍ക്കങ്ങള്‍ കുറച്ചു കാലങ്ങളായി നിലനില്‍കുന്നുണ്ട്. കീഴ് ജാതിക്കാരനായ കര്‍ഷകനെ ക്രൂരമായി വെട്ടിക്കൊന്നത് കഴിഞ്ഞ ആഴ്ചയാണ്. കളക്കാടിനടുത്തുള്ള സിങ്കിക്കുളം ഗ്രാമത്തിലെ കര്‍ഷകനായ മരുകനായിരുന്നു കൊല്ലപ്പെട്ടത്. കേസിലെ പ്രതികളെ പൊലീസ് ഇനിയും അറസ്റ്റു ചെയ്തിട്ടില്ല.