India Kerala

ആറ്റിങ്ങലില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന് കലക്ടര്‍

ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ കെ വാസുകി. ഒരു ലക്ഷത്തോളം ഇരട്ട വോട്ട് ഉണ്ടെന്നാണ് യു.ഡി.എഫ് പരാതിയെങ്കിലും അത്രയും വോട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം കള്ളവോട്ട് ചെയ്യാനുള്ള എല്‍.ഡി.എഫ് നീക്കം എങ്ങനെയും തടയുമെന്ന് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശും പറഞ്ഞു.

ഒരു വ്യക്തിക്ക് തന്നെ രണ്ട് ബൂത്തുകളില്‍ പേര് ചേര്‍ത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ഇടത് മുന്നണി ശ്രമിക്കുന്നുവെന്നായിരുന്നു യു.ഡി.എഫ് പരാതി. ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലകലക്ടര്‍ക്കും പരാതി നല്‍കി. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതായി ജില്ലാകലക്ടര്‍ വ്യക്തമാക്കി.

ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് പറഞ്ഞു. പോളിങ് ബൂത്തിലിരിക്കുന്ന യു.ഡി.എഫിന്‍റെ പോളിങ് ഏജന്‍റുമാര്‍ക്ക് ഇരട്ടവോട്ടിന്‍റെ പട്ടിക നല്‍കുമെന്നും കള്ളവോട്ട് ചെയ്യുന്നത് തടയുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.