National

സിദ്ദു മൂസെ വാലക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നെന്ന് പിതാവ്

സിദ്ദു മൂസെ വാലക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നും നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നെന്ന് അച്ഛൻ ബൽകൗർ സിങ്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. ലോറൻസ് ബിഷ്ണോയ് സംഘാഗങ്ങളെ തീഹാർ ജയിലിൽ ഡൽഹി പൊലീസ് വിശദമായി ചോദ്യം ചെയ്തു.

ഗൂണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ്, സിദ്ദു മൂസെ വാലയെ മുൻപ്‌ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ അച്ഛൻ ബൽകൗർ സിംങ് പൊലീസിനെ അറിയിച്ചു. തുടർച്ചയായ ഭീഷണികൾ ഉണ്ടായ പശ്ചാത്തലത്തിലാണ്, മൂസെ വാല ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയത് എന്നും ബൽകൗർ സിങ്ങിന്റ പരാതിയിൽ പറയുന്നു.

ഉത്തരാഖണ്ഡിൽ നിന്ന് അറസ്റ്റിലായ മുഖ്യ പ്രതി ഉൾപ്പെടെയുള്ള 6 പേരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരടക്കം 10 പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. കൊലയാളികൾ സഞ്ചരിച്ച 2 വാഹനങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ഇന്ന് പുറത്ത് വരും. സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ഗൂണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയെ തിഹാർ ജയിലിൽ ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. തീഹാർ ജയിലിലുള്ള ബിഷ്ണോയ് സംഘത്തിൽ പെട്ട മറ്റ് 4 പേരെ യും ഡൽഹി പൊലീസ് ചോദ്യം ചെയ്തു.

തീഹാർ ജയിലിൽ നിന്നുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം, മൂസെ വാലയുടെ കൊലപാതകത്തിന് ശേഷം തനിക്ക് ജീവന് ഭീഷയുണ്ടെന്നും, സുരക്ഷ വർദ്ധിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ബിഷ്ണോയ് കോടതിയെ സമീപിച്ചു. ഡൽഹിയിലും ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ് സംസ്ഥാനങ്ങളിലും പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കൊലയാളികൾ ഉപയോഗിച്ച വാഹനങ്ങൾ, തോക്കുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.