തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം തനിക്കാണ്. കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ആണെന്ന് പകൽ പോലെ വ്യക്തമായിട്ടുള്ള കാര്യമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
“കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ആണെന്ന് പകൽ പോലെ വ്യക്തമായിട്ടുള്ള കാര്യമാണ്. അവർ ജാഗരൂകരാവട്ടെ. ഞങ്ങൾ പറയുന്നത് ഒരെണ്ണം പോലും ചെയ്യിക്കില്ല എന്നതാണ്. പൂർണമായ ഡോക്യുമെൻ്റുകളോടെ കൊടുത്ത 7000 ഓളം അപേക്ഷകളിൽ 3000ഓളമാണ് ചേർത്തത്. അത് സിപിഐഎം ചെയ്തതാണ്. അതിനുള്ള പണി കൂടി ഞങ്ങൾ ചെയ്തിട്ടുണ്ട്. മുൻപ് തൃക്കാക്കരയിലെ രണ്ട് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായതിനെക്കാൾ കൂടിയ പോളിംഗ് ശതമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥ മോശമായതിനാൽ അതിനെ അതിജീവിക്കുന്നതിനായുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ട്. യുഡിഎഫിനു വോട്ട് വർധിക്കും. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം എനിക്കാണ്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ചാൽ അത് കൂട്ടായ്മയുടെ വിജയമാണ്.”- വി ഡി സതീശൻ പറഞ്ഞു.
കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞിരുന്നു. തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫിൻ്റെ തകർച്ച പൂർണ്ണമാകുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷം വൻ വിജയം നേടും.വി ഡീ സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു.
നാളെയാണ് തൃക്കാക്കര വോട്ടെടുപ്പ്. 239 പോളിംഗ് ബൂത്തുകളിലായി ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിൽ രാവിലെ 7.30 മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർമാരാണ് മണ്ഡത്തിലുളളത്. ഇതിൽ 3633 കന്നിവോട്ടർമാരാണ്. മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ബൂത്തുകൾ ഒരുക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾക്കൊളളുന്നതാണ് മണ്ഡലം.