ആര്.ജെ.ഡി ദേശീയ ഉപാധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. രഘുവംശപ്രസാദ് സിങ്ങിന്റെ പേരിലായിരുന്നു പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് രംഗത്ത് വൈശാലി മണ്ഡലം അറിയപ്പെട്ടിരുന്നത്. 2014-ലെ മോഡി തരംഗത്തില്‍ കൈവിട്ട വൈശാലി തിരിച്ച് പിടിക്കാന്‍ 72-ാം വയസിലും ആവേശത്തോടെ രഘുവംശപ്രസാദ് രംഗത്തുണ്ട്. എല്‍.ജെ.പിയുടെ സീറ്റില്‍ മത്സരിക്കുന്നത് ബി.ജെ.പിയുടെ ഗായ്ഘാട്ട് എം.എല്‍.എ വീണാദേവിയാണ്.
ദേശീയ തൊഴിലുറപ്പ് നിയമം നടപ്പാക്കിയ മന്ത്രി എന്നതാണ് ഡോ.രഘുവംശപ്രസാദ് സിങ്ങിന്റെ ഖ്യാതി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയെന്ന നിലയില്‍ തിളങ്ങിയ രഘുവംശപ്രസാദ് 2009-ല്‍ ആര്.ജെ.ഡിയുടെ തകര്‍ച്ച കാലത്തും വൈശാലിയില്‍ നിന്ന് എളുപ്പം ജയിച്ച് കയറി. എന്നാല്‍ മോഡി തരംഗത്തിനെ 2014-ല്‍ അതിജീവിക്കാന്‍ അദ്ദേഹത്തിനുമായില്ല. എന്നാല്‍ 1996 മുതല്‍ കാല് നൂറ്റാണ്ട് വൈശാലിയെ പ്രതിനിധീകരിച്ചിരുന്ന പാരമ്പര്യവും കറപുരളരാത്ത പ്രതിച്ഛായയും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് മഹാഗഡ്ബന്ധന്റെ പ്രതീക്ഷ. വൈശാലിയിലെ വസതിയില്‍ പതിവ് ശൈലിയില്‍ നാട്ടുകാരോട് സംസാരിച്ചിരുന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്ന രഘുവംശപ്രസാദ് സിങ്ങ് മോഡി സര്‍ക്കാരിന്റെ സര്‍വ്വമേഖലയിലുമുള്ള പരാജയത്തില്‍ ഊന്നിയാണ് പ്രചാരണം നടത്തുന്നത്.
2014-ല്‍ ബി.ജെ.പി, എല്‍.ജെ.പി, ആര്.എല്‍.എസ്.പി സഖ്യത്തിന്റെ പ്രതിനിധിയായ എല്‍.ജെ.പി സ്ഥാനാര്‍ത്ഥി രാമ കിഷോര്‍ സിങ്ങാണ് വൈശാലിയില്‍ വിജയിച്ചത്. പിന്നീട് പാര്‍ട്ടി വിട്ട രാമ കിഷോറിന് പകരമാണ് ഇപ്പോള്‍ ജെ.ഡി.യുവിന്റെയും ബി.ജെ.പിയിലുടേയും പ്രതിനിധിയായ വീണദേവിയെ എല്‍.ജെ.പി സ്വന്തം ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നത്. മണ്ഡലത്തില്‍ ചെറിയ റാലികളും ജനസഭകളും സംഘടിപ്പിച്ച് വൈശാലിയിലെ വോട്ടര്മാര്ക്കിടയിലേയ്ക്കിറങ്ങാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.
നേരത്തേ എന്‍.ഡി.എയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ ആര്.എല്‍.എസ്.പി ഇപ്പോള്‍ ഗഡ്ബന്ധന്റെ ഭാഗമാണ് എന്നുള്ളത് കുശ്വാഹ സമൂഹത്തിന്റെ പ്രാതിനിധ്യം ഉള്ള വൈശാലിയില്‍ വളരെ പ്രധാനമാണ്. അത് മഹാഗഡ്ബന്ധന് ഗുണകരമാകും. അതുപോലെ തന്നെ ജെ.ഡി.യു എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായതോടെ കുറുമി സമൂഹത്തിന്റെ പിന്തുണയും എല്‍.ജെ.പിയുടെ ദളിത് പസ്വാന് വോട്ടുകളും വീണാദേവിക്കും എന്‍.ഡി.എയ്ക്കും ഗുണമാകും.