പാംഗോങിലെ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ട് കേന്ദ്രം ശരിവച്ചു. ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം. ( china builds second bridge in pangong )
പാങ്ഗോങ്ങിൽ ചൈന പാലം നിർമിക്കുന്നത് നേരത്തെ മുതൽ അവർ അനധികൃതമായി കൈവശംവച്ചിരിക്കുന്ന സ്ഥലത്താണെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ചൈന നടത്തുന്ന അനധികൃത നിർമാണം സ്വീകാര്യമല്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. രാജ്യത്തിന്റെ സുരക്ഷാ താൽപര്യം സംരക്ഷിക്കാൻ 2014 മുതൽ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ട്. തന്ത്രപരവും സുരക്ഷാപരവുമായ ആവശ്യം നിറവേറ്റുന്നതിനൊപ്പം മേഖലയുടെ സാമ്പത്തിക വികസനം ഉറപ്പാക്കാനും അടിസ്ഥാന സൗകര്യം ഉറപ്പിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അതിനിടെ, ഇന്ത്യൻ സേനയുടെ ആത്മ ധൈര്യത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന തരത്തിലാണ് മേഖലയിലെ സൈന്യത്തിന്റെ പ്രവർത്തനമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.