കർണാടകയിൽ സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയത് വിവാദമായി. ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയുമാണ് പാഠഭാഗത്തിൽ നിന്ന് ഒഴിവാക്കിയത്. പത്താംക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിലെ അഞ്ചാം ചാപ്റ്ററിൽ നിന്നാണ് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്. സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറുടെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം നേരത്തേ തന്നെയുണ്ടായിരുന്നു. പാഠപുസ്കതം പൂർണമായും പിൻവലിക്കണമെന്നും ആർഎസ്എസ് ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ ഇത് ഫൈനൽ ഡ്രാഫ്റ്റല്ലെന്നും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത് മാത്രമാണെന്നുമാണ് പാഠപുസ്തകം പുറത്തിറക്കിയ അതോറിറ്റിയുടെ വിചിത്രവാദം.
കേശവ് ബലിറാം ഹെഡ്ഗേവാറുടെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനം നേരത്തേ തന്നെ വിവാദത്തിലായിരുന്നു. ബി.ജെ.പി ഭരിക്കുന്ന കർണാടകയിലെ സ്കൂൾ സിലബസിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉൾപ്പെടുത്തുന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും വിദ്യാഭ്യാസം കാവിവത്കരിക്കുകയാണെന്നുമായിരുന്നു പ്രധാന ആരോപണം. 2022-23 അധ്യയന വര്‍ഷം സംസ്ഥാന സിലബസില്‍ പത്താം ക്ലാസിലെ കന്നട ഭാഷാ പുസ്തകത്തിലാണ് ഹെഡ്ഗേവാറുടെ പ്രസംഗം ഉൾപ്പെടുത്തിയത്.
ഇടതുചിന്തകരുടെയും നവോത്ഥാന നായകരുടെയും പുരോഗമന എഴുത്തുകാരുടെയും പാഠഭാഗങ്ങൾ ഒഴിവാക്കിയും ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയുമാണ് പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ‘നിജവാഡ ആദര്‍ശ പുരുഷ യാരഗബേക്കു’ (ആരായിരിക്കണം യഥാര്‍ത്ഥ ആദർശമാതൃക?) എന്ന തലക്കെട്ടിലാണ് ഹെഡ്ഗേവാറിന്റെ പാഠഭാഗമുള്ളത്.