വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ല. മരണകാരണം എന്താണെന്ന് അറിയണം. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരാണ്. റിഫയുടെ മരണത്തിന് കാരണം മെഹ്നാസാണ്. മെഹ്നാസ് ഒളിവിൽ തുടരുന്നത് ദുരൂഹതയുള്ളതിനാലാണെന്ന് പിതാവ് ആരോപിച്ചു. കേസുമായി മുന്നോട്ട് പോകുമെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിഫയുടെ അമ്മ ഷെറിന പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ വ്ളോഗര്‍ റിഫ തൂങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫ മെഹ്നുവിന്റെ കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവെക്കുന്നതാണ് പോസ്റ്റ് മോട്ടത്തിലെ കണ്ടെത്തല്‍. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫൊറന്‍സിക് സംഘം അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിക്ക് കൈമാറി.
ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം ഈ മാസം ഏഴിനാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.
റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. വിശദമായ കണ്ടെത്തലുകൾ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതെ തുടർന്നാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്.
മാർച്ച് 1നാണ് വ്ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.