ഈ വര്‍ഷത്തെ നീറ്റ് പി.ജി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പരീക്ഷ മാറ്റിവയ്ക്കുന്നത് അനിശ്ചിതത്വം സൃഷ്ടിക്കും. കുറച്ചുപേരുടെ മാത്രം ബുദ്ധിമുട്ട് ഒഴിവാക്കി പരീക്ഷ മാറ്റിവയ്ക്കാനാകില്ല. തീയതി മാറ്റിയാല്‍ പരീക്ഷയ്ക്കായി തയ്യാറാകുന്ന രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പതിനഞ്ച് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. നീറ്റ് പി.ജി. പരീക്ഷ ഈമാസം 21ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. 2021 അധ്യയന വര്‍ഷത്തെ നീറ്റ് പി.ജി. കൗണ്‍സിലിംഗ് നടപടികള്‍ നീണ്ടുപോകുന്നു. ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ അനുഭവിക്കുന്നുവെന്നും, സംവിധാനത്തിലെ ഇരകളാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.