Kerala

എസ്ഡിപിഐ വോട്ടിനായി ഇടതും വലതും വിലപേശുകയാണ്; വേണ്ടെന്ന് പറയാന്‍ തയ്യാറാണോ? സന്ദീപ് വാര്യര്‍

തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണെന്ന് സന്ദീപ് വാര്യർ. പോപ്പുലർ ഫ്രണ്ടിനെതിരായി നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാമെന്ന ഉറപ്പിൽ ആ വോട്ട് എൽഡിഎഫ് സ്വന്തമാക്കാൻ കരാറുറപ്പിച്ചിരിക്കുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ശ്രീനിവാസൻ കൊലക്കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായിട്ടും അവരെ പ്രതികളാക്കാത്തത് തൃക്കാക്കര ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞതും തൃക്കാക്കരയെ മുന്നിൽ കണ്ടാണ്ടാണ്. എസ്ഡി പി ഐ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്താത്തതും ഈ ലക്ഷ്യം മുൻ നിർത്തിയാണ്. എസ്ഡിപിഐ വോട്ട് തൃക്കാക്കരയിൽ വേണ്ടെന്ന് പറയാൻ എൽഡിഎഫും യുഡിഎഫും തയ്യാറുണ്ടോയെന്ന് സന്ദീപ് വാര്യർ ചോദിച്ചു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചോദ്യം ഉയർത്തിയത്.

ഇതിനിടെ ട്വന്റി-20 വോട്ട് സര്‍ക്കാരിനെതിരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ലെന്നും ക്രൈസ്തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൻ ഡി എ മൂന്നാം ബദലാണ്. ആ ആദ്മി വോട്ട് എൻ ഡി എയ്ക്ക് ലഭിക്കും. പിസി ജോർജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.