മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെ. സി ലിതാരയുടെ ആത്മഹത്യക്ക് പിന്നില്‍ കോച്ച് രവിസിംഗിന്റെ പീഡനമെന്ന് സുഹൃത്ത് സ്‌നേഹ. കൊല്‍ക്കത്തയിലുള്ള സ്‌നേഹയെ മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് ലിതാര പോയി കണ്ട് എല്ലാം തുറന്നുപറഞ്ഞിരുന്നു. തനിക്കറിയുന്ന ലിതാര ആത്മഹത്യ ചെയ്യില്ലെന്ന് സ്‌നേഹ ഉറപ്പിച്ചുപറയുന്നു.
‘കോച്ചിന്റെ സ്വഭാവം ഒട്ടും ശരിയല്ല, തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു…’. അടുത്ത സുഹൃത്തായ സ്‌നേഹയോട് ലിതാര ഇതൊക്കെ പറഞ്ഞിരുന്നു. കോര്‍ട്ടിലേക്ക് ഒറ്റയ്ക്ക് പ്രാക്ടീസിന് വിളിച്ചപ്പോള്‍ ചെല്ലാത്തതിന്റെ ദേഷ്യം കോച്ചിനുണ്ടായിരുന്നു എന്നും സ്‌നേഹ പറഞ്ഞു.
ഒറ്റയ്ക്കുള്ള പ്രാക്ടീസിന് പുറമേ ഫോണില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും കോച്ച് രവി സിംഗ് ലിതാരയെ വിടാതെ പിന്തുടര്‍ന്നു. പരാതിപ്പെട്ടാല്‍ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ കൊടുക്കാതെ പട്‌നയില്‍ തന്നെ നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി. കൊല്‍ക്കത്തയില്‍ വച്ച് ദേഹത്ത് പിടിച്ച കോച്ചിനെ തല്ലിയതോടെ കാര്യങ്ങള്‍ വഷളായി. അഞ്ച് വര്‍ഷത്തെ കരാര്‍ അവസാനിക്കുമ്പോള്‍ പാട്‌നയില്‍ നിന്ന് പോകാമെന്ന പ്രതീക്ഷയിലാണ് ലിതാര എല്ലാം സഹിച്ച് പിടിച്ചുനിന്നത്.
രണ്ട് വര്‍ഷം കഴിയുമ്പോള്‍ മംഗലാപുരത്തേക്ക് ട്രാന്‍സ്ഫറിന് ശ്രമിക്കുമെന്നും ലിതാര പറഞ്ഞതായി സ്‌നേഹ വ്യക്തമാക്കി. സമ്മര്‍ദങ്ങള്‍ മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് ലിതാര കൊല്‍ക്കത്തയില്‍ നിന്ന് പാട്‌നയിലേക്ക് പോയത്. ഏപ്രില്‍ 25ന് കോച്ച് രവിസിംഗ് ലിതാരയെ വിളിപ്പിച്ചിരുന്നു. പിന്നീട് അവള്‍ ആരെയും വിളിച്ചില്ല. അടുത്ത നാളില്‍ സ്‌നേഹ അറിയുന്നത് പ്രിയ കൂട്ടുകാരിയുടെ മരണവാര്‍ത്തയാണ്.
അന്ന് രാത്രി വൈകിയോ പിറ്റേന്ന് പുലര്‍ച്ചയോ മരണത്തിലേക്ക് ലിതാര പോയതെങ്ങനെയെന്ന് ആര്‍ക്കുമറിയില്ല. പൊലീസിന്റെ കൈവശമുള്ള ലിതാരയുടെ ഫോണ്‍ പരിശോധിച്ചാല്‍ കോച്ച് രവി സിംഗിന്റെ പങ്ക് വ്യക്തമാകുമെന്ന് ഉറ്റസുഹൃത്തായ സ്‌നേഹ പറഞ്ഞു. ആ മൊബൈല്‍ ഫോണ്‍ ബിഹാര്‍ പൊലീസ് ഇനിയും കുടുംബത്തിന് കൈമാറിയിട്ടുമില്ല.