പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ചെയ്തത് തന്നെയാണ് പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി രാജ്യത്ത് ചെയ്യുന്നത്. സമ്പന്നര്‍, സാധാരണക്കാര്‍ എന്ന വേര്‍ത്തിരിവ് സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. എല്ലാം ധനികര്‍ക്ക് എടുത്ത് നല്‍കുകയാണെന്നും ഗുജറാത്തില്‍ നടന്ന ആദിവാസി സത്യാഗ്രഹ റാലിയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നോടിയായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം. ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ ആശയവിനിമയം നടത്താനും സാധ്യതയുണ്ട്.
2014ല്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതിനുമുമ്പ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തില്‍ തുടങ്ങിയ ജോലിയാണ് അദ്ദേഹം രാജ്യത്ത് ചെയ്യുന്നത്. അതിനെ ഗുജറാത്ത് മോഡല്‍ എന്നാണ് വിളിക്കുന്നത്, ഗാന്ധി പറഞ്ഞു. സമ്പന്നരുടെ ഇന്ത്യ എന്നും സാധാരണക്കാരന്റെ ഇന്ത്യ എന്നും രണ്ട് രാജ്യമാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുറച്ച് ആളുകള്‍, അധികാരവും പണവുമുള്ള ശതകോടീശ്വരന്മാരും ഉദ്യോഗസ്ഥരുമാണ് അതിലുള്ളത്.. ഇതൊന്നുമില്ലാത്ത രണ്ടാം ഇന്ത്യയാണ് സാധാരണക്കാരുടേതാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദിവാസിളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയെന്നും ആദിവാസികള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.