കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഈ മാസം 13-ന് രാജസ്ഥാനില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. ഡി.സി.സി. അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. എ.ഐ.സി.സി. സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. ഡി.സി.സി.കള്‍ പുനഃസംഘടിപ്പിക്കണം. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്ക്കുന്ന ഫണ്ട് ശേഖരണ കാമ്പയിന് നടത്തണമെന്നും ചെന്നിത്തല നിര്‍ദേശങ്ങളായി മുന്നോട്ട് വെച്ചു. സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച മുകുള്‍ വാസ്നിക് നേതൃത്വം നല്കുന്ന ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല.
ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡി.സി.സികള്‍ വേണം. പി.സി.സി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ 50, വലിയ സംസ്ഥാനങ്ങളില്‍ പരമാവധി 100 എന്ന് നിജപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.