ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയ്ക്ക് പുതിയ ഉടമകളായെന്ന് റിപ്പോർട്ട്. അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ചെൽസി വാങ്ങാൻ കരാർ ഒപ്പിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിൻ്റെയും ബ്രിട്ടീഷ് സർക്കാരിൻ്റെയും അനുമതി ലഭിച്ചാൽ ക്ലബ് ഔദ്യോഗികമായി ടോഡ് ബോഹ്ലി ഗ്രൂപ്പിനു സ്വന്തമാവും.
റഷ്യൻ- ഇസ്രയേലി കോടീശ്വരൻ റോമൻ അബ്രാമോവിച്ച് ആയിരുന്നു ചെൽസിയുടെ ഉടമ. എന്നാൽ, യുക്രൈനു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് അബ്രാമോവിച്ചിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ അടുത്ത സുഹൃത്താണ് അബ്രാമോവിച്ച്. ഇതിനു പിന്നാലെയാണ് ക്ലബ് വിൽക്കാൻ അബ്രാമോവിച്ച് തീരുമാനിച്ചത്. വിറ്റുകിട്ടുന്ന പണം യുക്രൈൻ യുദ്ധക്കെടുതിയിലെ ഇരകൾക്ക് നൽകുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.