India Kerala

മൂന്നു വയസുകാരന്റെ മരണം; ഡി.എൻ.എ പരിശോധന നടത്തും സംസ്കാരം പിന്നീട്

ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ് മരിച്ച കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. മർദ്ദിച്ച സ്ത്രീയുടേത് തന്നെയാണോ കുഞ്ഞെന്നറിയാൻ ഡി.എൻ.എ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ രണ്ടംഗ പൊലീസ് സംഘം ജാർഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം കുട്ടിയുടെ മാതാപിതാക്കൾ ഇവർ തന്നെയാണോ എന്നറിയാൻ ഡി.എൻ.എ സാമ്പിൾ പരിശോധിക്കുന്നുണ്ട്. മൃതദേഹം സംസ്ക്കരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.

അതേസമയം,കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. കുട്ടിയുടെ അച്ഛനെ കുറിച്ചും അന്വേഷണം നടത്തും. ബുധനാഴ്ചയാണ് തലക്ക് പരിക്കേറ്റ നിലയില്‍ ആശുപത്രിയിൽ എത്തിച്ചത്. വീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രി അധികൃതരോട് മാതാപിതാക്കൾ പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.