സ്‌നേഹവും സാഹോദര്യവും വിളിച്ചോതി ഇന്ന് ചെറിയ പെരുന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൗരന്മാര്‍ക്ക് ഈദ് ആശംസകളറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈദ് ആശംസകള്‍ നേര്‍ന്നത്.
‘ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ എല്ലാവിധ ആശംസകളും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ധിക്കട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്നും’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പുണ്യം പെയ്തിറങ്ങുന്ന റമദാന്‍ മാസത്തിലെ മുപ്പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഇന്ന് ഇസ്ലാമത വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പുത്തന്‍ വസ്ത്രവും ,അത്തറിന്റെ പരിമളവും, മൈലാഞ്ചി മൊഞ്ചുമായി നാടാകെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിലാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും സജീവമായ ഈദുല്‍ ഫിത്തര്‍ ആഘോഷം.
വിശുദ്ധ റമദാനിലൂടെ നേടിയെടുത്ത സഹനത്തിന്റെയും ആത്മ സംസ്‌കരണത്തിന്റെയും നിറവില്‍ വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുകയാണ്. വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസ്സിലേക്കാവാഹിച്ച് നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വിന്റെ ക്ഷമയുടെ നന്മയുടെ പുതുപുലരിയാണ് ഓരോ പെരുന്നാളും. ഹൃദയങ്ങള്‍ തമ്മില്‍ സ്‌നേഹം കെ മാറുന്നതിലൂടെ സാമൂഹിക ബന്ധങ്ങള്‍ സുശക്തമാവുമെന്ന സന്ദേശമാണ് ചെറിയ പെരുന്നാള്‍ കൈമാറുന്നത്.