തന്റെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചനയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന് ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്നേഷ് മേവാനി ട്വന്റി ഫോറിനോട്. എംഎൽഎയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ പാലിച്ചില്ലെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.
വനിതാ പൊലീസിനെ അപമാനിച്ചെന്ന കേസിലെ എഫ്ഐആർ കെട്ടിച്ചമച്ചതാണെന്ന് ജിഗ്നേഷ് മേവാനി 24നോട് പറഞ്ഞു. രണ്ടാമത്തെ കേസിൽ കോടതി പോലും കടുത്ത വിമർശനം ഉന്നയിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോകാനുള്ള അസം സർക്കാരിന്റെ നീക്കം നാണക്കേടാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
ഗുജറാത്ത് കോൺഗ്രസ് നേതാവും വഡ്ഗാം എംഎൽഎയുമായ ജിഗ്നേഷ് മെവാനി അറസ്റ്റിലാകുന്നത് ഏപ്രിൽ 21നാണ്. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പാലൻപൂരിലെ സർക്യൂട്ട് ഹൗസിൽ നിന്ന് അസം പൊലീസ് ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്. അസമിലെ കോടതി മേവാനിയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ എന്നാൽ വീണ്ടും അറസ്റ്റിലായി. വനിതാ പൊലീസിനെ അപമാനിച്ചെന്നായിരുന്നു കേസ്.