തന്റെ പ്രസ്താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പി സി ജോര്‍ജ് ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പി സി ജോര്‍ജിന്റേത് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രസ്താവനയാണ്. വര്‍ഗീയത പരത്തുക എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം. ഇതിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇന്നലെ വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
അനന്തപുരി ഹിന്ദു സമ്മേളനത്തിലെ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ ഡിജിപിക്ക് യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഫിറോസ് പരാതി നല്‍കിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമാണ് പിസി ജോര്‍ജിന്റെ ശ്രമമെന്ന് പരാതിയില്‍ പറയുന്നു.