National

രാജ്യത്ത് കൊവിഡ് കൂടുന്നു; മൂവായിരം കടന്ന് പ്രതിദിന കണക്ക്

രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗ ബാധിതരില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.8 ശതമാനം വര്‍ധയാണ് ഉണ്ടായത്. ടിപിആര്‍ 0.66ശതമാനമായി ഉയര്‍ന്നതും രാജ്യത്ത് ആശങ്കയായി.

4,30,68,799 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിലുള്ളത്. ആകെ മരണനിരക്ക് 5,23,693 ആണ്. ആകെ കേസുകളിലെ 0.04 ശതമാനമാണ് ആക്ടീവ് കേസുകള്‍. 193.04 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. 19.58 കോടി ഡോസ് വാക്‌സിന്‍ ഉപയോഗിക്കാത്തതായി ഇപ്പോഴും സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ ഉള്ള ഡല്‍ഹിയില്‍ വ്യാപാരി സംഘടനകള്‍ ജാഗ്രത കടുപ്പിച്ചു. മാര്‍ക്കറ്റുകളില്‍ എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.