Kerala

കെ റെയിൽ സംവാദം പ്രഹസനം മാത്രം; കേന്ദ്രം പദ്ധതിക്ക് അനുമതി നൽകില്ല : ഇ.ശ്രീധരൻ

കെ റെയിൽ സംവാദം പ്രഹസനം മാത്രമെന്ന് ഇ.ശ്രീധരൻ. സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ല. സർക്കാർ ഒരു തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണെന്ന് ഇ ശ്രീധരൻ പറയുന്നു.

സംവാദത്തിൽ പ്രധാനപ്പെട്ട രണ്ട് പേർ പങ്കെടുക്കുന്നില്ല. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല. സിൽവർലൈൻ സംവാദത്തിൽ അവർക്ക് താൽപര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചത്. ഒരു ഭാഗം മാത്രമേ സർക്കാരിന് കേൾക്കാൻ താത്പര്യമുള്ളു. സംവാദം കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടാകില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു.

ഇതിനിടെ, കെ റെയിലിന് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്നും ഈ.ശ്രീധരൻ കൂട്ടിച്ചേർത്തു. പ്രീ ഇൻവസ്റ്റ്‌മെന്റ് നടപടികൾക്കുള്ള അംഗീകാരം മാത്രമാണുള്ളത്. ഇന്നത്തെ നിലയിൽ സിൽവർലൈൻ പദ്ധതി നടപ്പാകില്ലെന്നും കേന്ദ്രം അതിന് അനുമതി നൽകില്ലെന്നും ഇ.ശ്രീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.

വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് കെ റെയിൽ സംവാദം സംഘടിപ്പിക്കുന്നത്. നിഷ്പക്ഷ ചർച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം. എന്നാൽ, ആദ്യം ക്ഷണിച്ച ജോസഫ് സി മാത്യുവിനെ വിമർശകരുടെ പാനലിൽ നിന്ന് പിന്നീട് ഒഴിവാക്കിയത് വിവാദമായി. ചർച്ച നടത്തേണ്ടത് കെ റെയിൽ അല്ല, സർക്കാരാണെന്ന നിലപാടുയർത്തി അലോക് വർമയും രംഗത്ത് എത്തിയതോടെ അവസാന മണിക്കൂറിൽ അനിശ്ചിതത്വമായി. സംവാദത്തിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുന്നയിച്ച് അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറിയതോടെ സംവാദം അടിമുടി വിവാദത്തിലും അനിശ്ചിതത്വത്തിലുമായി. എന്നാൽ പ്രതിഷേധങ്ങൾ മറികടന്നു പദ്ധതിയുമായി മുന്നോട്ട് പോകുന്ന കെ റെയിൽ, സംവാദത്തിന്റെ കാര്യത്തിലും വിമർശനങ്ങൾ മുഖവിലക്ക് എടുക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 ന് തിരുവനന്തപുരത്താണ് സംവാദം. വിരമിച്ച റയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി ഐസക്, എസ് എൻ രഘു ചന്ദ്രൻ നായർ തുടങ്ങി മൂന്നു പേരാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിൽ ഉള്ളത്. എന്നാൽ, ആർ വി ജി മേനോൻ മാത്രമാണ് എതിർക്കുന്നവരുടെ പാനലിൽ ഉള്ളത്.