ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്രത്തില്‍ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി ഇടപെടുകയോ ചെയ്താല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റി നടപടിയെടുക്കുമെന്നാണ് ശശി തരൂരിന്റെ പ്രസ്താവന.
ഏത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം, ആര് ഏറ്റെടുത്ത് നടത്തിയാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. അവര്‍ എന്ത്, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത്. അഭിപ്രായ സ്വാതന്ത്രത്തില്‍ ട്വിറ്റര്‍ ഇടപെടുകയോ അല്ലെങ്കില്‍ വിപരീത ഇടപെടല്‍ നടത്തുകയോ ചെയ്താല്‍ ഐടി കമ്മിറ്റി നടപടിയെടുക്കണമെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്തുകഴിഞ്ഞെങ്കിലും സിംഗിള്‍ ഓണര്‍ഷിപ്പില്‍ അധിഷ്ഠിതമായ നീക്കം, മസ്‌കിന്റെ വ്യക്തിതാത്പര്യങ്ങള്‍ കൂടി ട്വിറ്ററിലെ മാറ്റങ്ങളെ ബാധിക്കുമെന്ന വിമര്‍ശനങ്ങള്‍ ധാരാളമായുണ്ട്. ഉപയോക്താക്കള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ നല്‍കുമെന്ന് പറയുമ്പോള്‍ തന്നെ ഉള്ളടക്കത്തിന്മേല്‍ നിയന്ത്രണം ആവശ്യമാണ്. മസ്‌കിന്റെ പ്ലാനുകള്‍ ട്വിറ്ററിനെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് അഭിപ്രായപ്പെടുന്നത്.
പലതവണ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ കൈകളിലേക്ക് ട്വിറ്റര്‍ എത്തിയത്. 43 ബില്യണ്‍ യു.എസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് ട്വിറ്റര്‍ മസ്‌ക് സ്വന്തമാക്കിയത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്‍കി 4400 കോടി ഡോളറിനാണ് കരാര്‍. ഇതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറി.
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളാണ് മസ്‌ക്. ഏകദേശം 273.6 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയിലെ ഓഹരി പങ്കാളിത്തത്തിന് പുറമേ എയ്‌റോസ്‌പേസ് സ്ഥാപനമായ സ്‌പേസ് എക്‌സിലും മസ്‌കിന് പങ്കുണ്ട്.