വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ കെ റെയില്‍ സംഘടിപ്പിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം നാളെ. പാനലില്‍ നിന്ന് നേരത്തെ നിശ്ചയിച്ചവരെ കെ റെയില്‍ വെട്ടിയപ്പോള്‍, മറ്റു രണ്ടു പേര്‍ സ്വയം പിന്മാറുകയും ചെയ്തു. വിമര്‍ശനങ്ങള്‍ തല്ലിക്കെടുത്താന്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത സംവാദം സര്‍ക്കാരിന് മേലുണ്ടാക്കിയ തലവേദന ചെറുതല്ല
വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് കെ റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്. നിഷ്പക്ഷ ചര്‍ച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതാണ് ഇപ്പൊ കെ റെയിലിന്റെയും സര്‍ക്കാരിന്റെയും സ്ഥിതി. വിമര്‍ശകരില്‍ പ്രധാനിയായ ജോസഫ് സി മാത്യുവിനെ പാനലില്‍ നിന്ന് ഒഴിവാക്കിയതോടെ സംവാദം വിവാദമായി. ചര്‍ച്ച നടത്തേണ്ടത് കെ റെയില്‍ അല്ല, സര്‍ക്കാരാണെന്ന നിലപാട് അലോക് വര്‍മയും കൈക്കൊണ്ടതോടെ അവസാന മണിക്കൂറില്‍ അനിശ്ചിതത്വമായി. എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്നു പദ്ധതിയുമായി മുന്നോട്ട് പോകുന്ന കെ റെയില്‍, സംവാദത്തിന്റെ കാര്യത്തിലും
വിമര്‍ശനങ്ങള്‍ മുഖവിലക്ക് എടുക്കാതെ മുന്നോട്ട് തന്നെ. നാളെ രാവിലെ 11 ന് തിരുവനന്തപുരത്താണ് സംവാദം. അനുകൂലിക്കുന്നവരുടെ പാനലില്‍ മൂന്നു പേരുണ്ട്. എന്നാല്‍, ആര്‍.വി.ജി.മേനോന്‍ മാത്രമാണ് എതിര്‍ക്കുന്നവരുടെ പാനലില്‍ ഉള്ളത്. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള തട്ടിക്കൂട്ട് സംവാദം, വെറും പ്രഹസനമാണെന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. സംവാദം കഴിഞ്ഞാലും സര്‍ക്കാരും കെ റെയിലും മറുപടി പറയേണ്ട ചോദ്യങ്ങള്‍ അതേപടി ശേഷിക്കുമെന്നതില്‍ സംശയമില്ല. വിരമിച്ച റെയില്‍വേ ബോര്‍ഡ് മെമ്പര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി.ഡോ.കുഞ്ചെറിയ പി.ഐസക്, എസ്.എന്‍.രഘു ചന്ദ്രന്‍ നായര്‍, ഡോ.ആര്‍.വി.ജി.മേനോന്‍ എന്നിവരാണ് സംവാദത്തില്‍ പങ്കെടുക്കുക.